Friday, September 18, 2020

C News സംരഭത്തിന് ആശംസകൾ.

CNewslive Web Portal

ഏതാനും പ്രവാസി സുഹൃത്തുക്കൾ ചേർന്ന് ഒരു മാധ്യമ സംരംഭം തുടങ്ങിയിരിക്കുന്നു. എന്തിനാണ് CNews? ഈ ചോദ്യമായിരിക്കും ആദ്യമെ തന്നെ നിങ്ങളുടെ മനസിൽ ഉയർന്നു വരിക.

സത്യം സത്യമായി അറിയാൻ സാധിക്കും !


നേരും നെറിയുമുള്ള ആരുടേയും മുൻപിൽ നട്ടെല്ല് വളക്കാത്ത കാൽപണം കണ്ടാൽ കമിഴ്ന്നു വീഴാത്ത പത്രപ്രവർത്തനം ഉറ്റുനോക്കുന്ന മലയാളി മനസുകളെ ആശ്വസിപ്പിക്കുന്ന ഒരു വാർത്തയായിരിക്കും C-News ൽ ഉണ്ടാകൂ എന്ന് പറയാം. പക്ഷപാതപരമായ മാധ്യമ പ്രവർത്തനത്തിന്റെ നെറി കേടുകൾ കണ്ടു മനസു മടുത്ത നൂറുകണക്കിന് പ്രവാസികൾ ഒരുമിച്ചു ചേർന്ന് രൂപപ്പെടുത്തിയ ഗ്ലോബൽ മീഡിയ സെല്ലിന്റെ നേതൃത്വത്തിൽ  ഒരു ഓൺലൈൻ പത്രം പുറത്തുവരുന്നു. എല്ലാ ഭൂഖണ്ഡങ്ങളിൽ ഉള്ള ഇവർ മികവുറ്റ പ്രവാസി മാധ്യമ പ്രവർത്തകരുടെ സഹകരണത്തോടെ  പരസ്യത്തെപ്പോലും ആശ്രയിക്കാതെ ശരിയുടെ മാനം ലോകത്തിൽ എത്തിക്കാം എന്ന് പറയുമ്പോൾ നമുക്ക് വിശ്വസിക്കാം.  ... ഏതാനും മാസം കൊണ്ട് മുഖ്യധാരാ മാധ്യമ രംഗത്തേക്ക് എത്തുവാൻ സി ന്യൂസിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 

ഒന്ന് കയറി നോക്കണേ

cnewslive.com

#cnewslive


Tuesday, January 21, 2014

പപ്പയുടെ ജ്യൂസ്‌



ഞാന്‍ ഉറങ്ങി പോയോ???
ചേട്ടനും മമ്മിയും എവിടെ പോയ്‌...? ഒരു അനക്കവുമില്ലല്ലോ....
അല്ലേല്ലും അവരിങ്ങനെയാ എന്നോടു പറയാതെ എങ്ങോട്ടെങ്കിലും പോയികളയും. എന്നിട്ട് വരുമ്പോള്‍ പറയും “ പുന്നാരക്കുട്ടന്‍ ഉറങ്ങിയോണ്ടല്ലേ മമ്മി വിളിക്കാഞ്ഞതു” എന്നു. ഇന്നു വരുമ്പോള്‍ ലിജു കുട്ടന്‍ മിണ്ടില്ല. അവന്‍ മനസ്സില്‍ ഉറപ്പിച്ചു. വാതില്‍ പൂട്ടിയാ പോയിരിക്കുന്നത്. ഞാന്‍ ഇവിടെയുണ്ട് എന്നു വല്ല ചിന്തയുമുണ്ടോ...പിന്നെ ടി.വി ഉള്ളതാ ഒരു നേരം പോക്ക്. അവന്‍ ചെന്ന് ടി.വി. ഓണ്‍ ആക്കി.


ടോം ആന്‍ഡ്‌ ജെറി ചാനല്‍ വരുന്നില്ലല്ലോ... അവന്‍ റിമോട്ടില്‍ അമര്‍ത്തിക്കൊണ്ടിരിന്നു....
പെട്ടെന്നാണവന്‍ ആ കാര്യം ശ്രദ്ധിച്ചത്.... ടി.വി. യിലെ അങ്കിള്‍ കുടിക്കുന്ന അതേ ജ്യൂസ്‌ തന്നെയാ ഇന്നലെ പപ്പയും അങ്കിള്‍മാരും കൂടി കഴിച്ചത്. ഇതേ ഹാളില്‍ ഇരുന്നു ഈ ടേബിളില്‍ വച്ചു.... അതെ ചുവന്ന നല്ല ഭംഗിയുള്ള ജ്യൂസ്‌....


പപ്പാ ഇന്നലെ മാര്‍ക്കറ്റില്‍ പോയി വന്നപ്പോഴെ ഞാന്‍ കണ്ടതാ....എന്തു ഭംഗിയുള്ള കുപ്പിയാണു അതു.... തീര്‍ച്ചയായും നല്ല വിലയുള്ളതായിരിക്കും...അല്ലേല്‍ പിന്നെ എന്താ ഞാന്‍ ഇന്നലെ പപ്പയോടു ചോദിച്ചപ്പോള്‍ തരാതിരുന്നത്....! ഇതു കുട്ടികള്‍ക്ക്‌ കളിക്കാനുള്ളതല്ല എന്നാ മമ്മിയും പറഞ്ഞതു.

[ പരസ്യത്തിനു ശേഷം വീണ്ടും ടി.വി സിനിമ തുടര്‍ന്നു...]

“എടാ നീ ഇതൊരെണ്ണം അങ്ങോട്ട്‌ കഴിക്ക്... നിന്‍റെ എല്ലാ പ്രശ്നവും മാറും. നീ സന്തോഷം കൊണ്ട് ഒരു മാലാഖയെ പോലെ ഇങ്ങനെ പറക്കും......”
[ടി.വി.യിലെ നായകന്‍ പുഞ്ചിരിച്ചുകൊണ്ട് അലസമായി ചുവടു വക്കുന്നു.]

ശരിയാ ഇന്നലെ പപ്പയും അങ്കിള്‍മാരും കൂടി എന്തു ഹാപ്പിയാര്‍ന്നു....അല്ലെങ്കില്‍ എപ്പോളും വലിയ ഗൌരവത്തിലിരിക്കുന്ന കൊമ്പന്‍ മീശ വച്ച സോമനങ്കിള്‍ വരെ പൊട്ടി ചിരിക്കുന്നത് ഞാന്‍ കണ്ടതാ...
അവന്‍ പതിയെ ഫ്രിഡ്ജിനടുത്തേക്ക് പോയി....ഇനി ഇന്നിത് കഴിച്ചിട്ട് തന്നെ കാര്യം. അവന്‍  മനസിലുറപ്പിച്ചു....
മനോഹരമായ ജ്യൂസ്‌ ബോട്ടില്‍ അവന്‍ എടുത്തു നോക്കി.... നല്ല തണുപ്പ്...കുപ്പി കാണുമ്പോള്‍ തന്നെ കൊതിയാകുന്നു.... അവന്‍ പതിയ ഒരല്പം നുണഞ്ഞു... അയ്യേ ഇതെന്താ കയ്ക്കുന്നത്...



[ടിവി യില്‍ നായകന്‍ വീണ്ടും ഉറക്കെ ഉറക്കെ ചിരിക്കുന്നു...] “എടാ... ഒരു ചെറിയ കയ്പോക്കെ ഉണ്ടാകും... നീ അതു കാര്യമാക്കണ്ട ആണുങ്ങളായാല്‍ രണ്ടെണ്ണം കഴിച്ചില്ലേല്‍ പിന്നെ എന്താ കാര്യം? നീ കണ്ണടച്ചോണ്ട് അങ്ങോട്ട്‌ ആഞ്ഞു വലിക്ക്...”


ലിജു മോന്‍ ഓര്‍ത്തു ഇതു തന്നെയാണല്ലോ പപ്പാ ഇന്നലെ മമ്മിയോടു പറഞ്ഞതു... “ഞങ്ങള്‍ ആണുങ്ങളായാല്‍ രണ്ടെണ്ണം കഴിക്കും എന്നു” അവന്‍ ഒരു ഗ്ലാസ് എടുത്തു അതില്‍ നിറയെ ഒഴിച്ചു. ടി.വി.യിലേക്ക് നോക്കി ഒരു ചിയേര്‍സ് പറഞ്ഞു... ഒറ്റ വലി...
അയ്യോ കയ്ച്ചിട്ടു വയ്യ. അവന്‍ ഓടി അടുക്കളെ പോയി ഒരു സ്പൂണ്‍ പഞ്ചസാര വായിലിട്ടു... കയ്പ്പ് പോയി പക്ഷെ നെഞ്ച് എരിയുന്ന പോലെ... അയ്യോ....
മമ്മി വീട്ടില്‍ ഇല്ലാത്തത് നന്നായി... അല്ലേല്‍ തല്ലു കിട്ടിയേനെ... അവന്‍ വേഗം പോയി അടുക്കളയില്‍ നിന്നു വെള്ളം എടുത്തു കുടിച്ചു... ഇപ്പോള്‍ ഒരു സുഖമുണ്ട്..... അവന്‍ ഒരു ഗ്ലാസ് കൂടി ഒഴിച്ചു...വേഗം കുടിച്ചു.... മമ്മിയും പപ്പയും വരുന്നതിനു മുന്‍പ് ഇതു തിരികെ ഫ്രിഡ്ജില്‍ വക്കണം... വീണ്ടും പഞ്ചസാര തിന്നു...വെള്ളം കുടിച്ചു... നെഞ്ച് എരിയുന്ന പോലെ... അയ്യോ തല കറങ്ങുന്നു.... അവന്‍ ഉറക്കെ കരയാന്‍ തുടങ്ങി.... പക്ഷെ ആകെ ക്ഷീണം... ഉറക്കെ കരയാന്‍ പോലും പറ്റുന്നില്ല. മമ്മി വരുമ്പോള്‍ എന്തു പറയും....? പപ്പയുടെ തല്ലു ഓര്‍ത്തപ്പോള്‍ ഞാന്‍ പ്രയാസപ്പെട്ടു എണീറ്റ് നിന്നു. പക്ഷെ മറിഞ്ഞു വീണതും ചര്ദിച്ചതും ഒന്നിച്ചായിരിന്നു....
[ടി.വി.യില്‍ അപ്പോള്‍ ഒരു മദ്യപാന ഗാനം ഉറക്കെപ്പാടി തിമിര്‍ക്കുകയാണ് നായകന്‍.]

പിന്നെയും പിന്നെയും ഞാന്‍ ഒരുപാടു ചര്ദിച്ചു....തല വേദനയില്‍ പൊളിയുന്ന പോലെ തോന്നി...എന്‍റെ കയ്യും കാലും തളര്‍ന്നു. എത്ര നേരം ഉറങ്ങി എന്നറിയില്ല....ഉണര്‍ന്നു നോക്കുമ്പോള്‍ ഞാന്‍ ചര്‍ദിലില്‍ കമിഴ്ന്നു കിടക്കുന്നു....

മമ്മിയും പപ്പയും വരുന്നത് കണ്ടതും ഞാന്‍ ഓളിയിട്ടു കരഞ്ഞു. പക്ഷെ പപ്പയും മമ്മിയും എന്നെ കാണാത്തപ്പോലെ കടന്നു പോയി. തളര്‍ന്നു കിടന്ന എന്‍റെ ശരീരം എടുത്തു കാറില്‍ അവര്‍ കരഞ്ഞുകൊണ്ട്‌ പോകുമ്പോള്‍ ഞാന്‍ വീടിന്റെ വരാന്തയില്‍ ഒറ്റയ്ക്കു നിന്നു കരയുകയായിരുന്നു......!!!

പപ്പേ ഇതൊരു വിഷമാണങ്കില്‍ എന്തിനാ പപ്പാ വാങ്ങി കുടിക്കുന്നത്...? എന്താ അതു വിഷമാണ് എന്നു  എന്നോടു പറയാതിരുന്നത്....? എന്തിനാ അതു ഫ്രിഡ്ജില്‍ വച്ചത്? എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ആരും മറുപടി പറഞ്ഞില്ല...... അല്ല ആരും എന്‍റെ ചോദ്യങ്ങള്‍ കേട്ടു പോലും ഇല്ല..!!!


(ഇന്നലെ പത്രത്തില്‍ വായിച്ച ഒരു വാര്‍ത്തയാണ് ഈ കഥ എഴുതുന്നതിനു പ്രചോദനമായത്‌ ഒരു ഏഴു വയസ്സുകാരന്‍ മദ്യം അറിയാതെ കഴിച്ചു മരിച്ചു.)

(ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍)



Wednesday, December 11, 2013

ദൈവങ്ങളെ നിങ്ങള്‍ കാണുവാനായ് കേള്‍ക്കുവാനായ്....


നീണ്ട യാത്രകളിലെ വിരസതയേറുന്ന സമയങ്ങളില്‍ കണ്പോളകള്‍ കനം വക്കുകയും ചിന്തകളില്‍ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുകയും ചെയ്തുകൊണ്ടിരുന്ന എന്നെ ബാഹ്യലോകത്തിന്‍റെ ബഹളങ്ങളിലേക്ക് തിരികെ കൊണ്ടു വന്നതു ഒരു ഹിന്ദി പാട്ടായിരിന്നു.... ഞാന്‍ കേട്ടിട്ടില്ലാത്ത ഏതോ വരികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ക്ഷീണിച്ചതെങ്കിലും മനോഹരമായ ശബ്ദത്തിന്റെ ഉടമയെ തേടി ഞാന്‍ ദൃഷ്ടിപരതി. മുഷിഞ്ഞു നാറിയ വസ്ത്രങ്ങളും മെലിഞ്ഞുണങ്ങിയ ശരീരവുമുള്ള ഒരു പത്തു വയസ്സ് തോന്നിക്കുന്ന ഒരു നാടോടി പെണ്‍കുട്ടി കരഞ്ഞു തളര്‍ന്ന ഒരു നാല് വയസ്സുള്ള ആണ്‍കുട്ടിയെ കൈപിടിച്ച്‌ ഇങ്ങനെ പാടിക്കൊണ്ടിരിക്കുന്നു....

“ദൈവത്തിന്‍ മനോഹരനയനങ്ങളെന്തേ എന്നെ നോക്കിയില്ല....”



ഞാന്‍ എന്‍റെ സഹായത്രികരിലേക്കൊന്നു കണ്ണോടിച്ചു. അവരെല്ലാം ആ പാട്ടിലെ ദൈവങ്ങളെ പോലെയാണു എനിക്ക് തോന്നിയത്. ഉറക്കം നടിച്ചു കണ്ണ് തുറക്കാത്ത ദൈവങ്ങളും, ചെവി കേള്‍ക്കാത്ത ദൈവങ്ങളും... ഇതിനിടയിലൊരു വൃദ്ധന്‍ തന്‍റെ കയ്യിലെ ചില്ലറ തുട്ടുകള്‍ അവളുടെ പിച്ചപാത്രത്തിലേക്കു ഇട്ട് കൊടുത്തു. ഞാനും എന്‍റെ പോക്കറ്റില്‍ ഉണ്ടായിരുന്ന അഞ്ചു രൂപ നാണയം കൊടുത്തു.



കമ്പാര്‍ട്ട്മെന്റിന്റെ ഇടന്നാഴിയിലേക്ക് കടന്നു നിന്നുകൊണ്ട് അവള്‍ ആ പത്രത്തിലെ ചില്ലറ തുട്ടുകളില്‍ നിന്നു എടുത്തു മാറ്റി എന്തോ ഒളിപ്പിച്ചു വയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അപ്പോഴേക്കും ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയിരിന്നു....

ട്രെയിനില്‍ നിന്നിറങ്ങിയ അവള്‍ ആരെയോ ഭയപ്പെടുന്നപ്പോല്‍ നോക്കുന്നുണ്ടാര്‍ന്നു. അപ്പോളേക്കും ഒരു തടിമാടന്‍ വന്നു അവളുടെ പാത്രം മേടിച്ചു ചില്ലറ പെറുക്കിയെടുത്തു. കുഞ്ഞിനെ ചൂണ്ടിക്കാണിച്ചു എന്തോ പറഞ്ഞ അവള്‍ക്കുനേരെ അയാള്‍ കൈയോങ്ങി... ആളുകള്‍ കണ്ടു എന്നു തോന്നിയതുകൊണ്ടാണോ എന്തോ അയാള്‍ പിറുപിറുത്തു അവിടെ നിന്നു പോയി.

നേരെത്തെ ഉറങ്ങിക്കൊണ്ടിരിന്ന എന്‍റെ മുന്നിലെ ഒരു മാന്യനായ “ദൈവം” ഇതു നോക്കി പറഞ്ഞതിങ്ങനയാണ്;
“ഇവറ്റകള്‍ക്കൊന്നും അഞ്ചു പൈസ കൊടുക്കരുത്. കൂലിക്ക് പിച്ചയെടുക്കുന്നവരാ ഇവറ്റകള്‍. നമ്മളൊക്കെ പൈസ കൊടുത്താല്‍ ഇതു കൂടത്തെയുള്ളൂ....”
വീണ്ടും ആ ട്രെയിന്‍ ജനലിലൂടെ നാടോടി കുട്ടികളെ തിരയുകയായിരുന്നു എന്‍റെ കണ്ണുകള്‍. “അയാള്‍” പോയി എന്നുറപ്പുവരുത്താനെന്നവണ്ണം അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവള്‍ വീണ്ടും ട്രെയിനിന്‍ അടുത്തേക്ക് വന്നു. പ്ലാറ്റ്ഫോം കച്ചവടക്കാരനില്‍ നിന്നു ഒരു ചായ മേടിച്ചു കരയുന്ന തന്‍റെ അനിയനു ഊതി ഊതി കൊടുക്കുമ്പോള്‍ അവളുടെ മുഖം പതിയെ ചിരിക്കുന്നത് ഞാന്‍ കണ്ടു.... തന്‍റെ പാവാടതുമ്പില്‍ ഒളിപ്പിച്ച അഞ്ചു രൂപ തുട്ടു അയാള്‍ക്ക് കൊടുത്തുകൊണ്ട് അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് നടക്കുമ്പോള്‍, അവള്‍ കൊടുത്തത് ഞാന്‍ നല്‍കിയ അഞ്ചു രൂപ ആകണേ എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌... അവള്‍ക്കുണ്ടായിരുന്നതിന്റെ ഒരംശം സഹജീവി സ്നേഹവും പങ്കു വയ്ക്കുന്ന മനസ്സും നമ്മള്‍ മാന്യന്മാര്‍ക്കു ഉണ്ടായിരുന്നെങ്കില്‍ എന്നാണു ഞാന്‍ ആശിച്ചതു.....


ദൈവങ്ങളെ നിങ്ങള്‍ കാണുവാനായ് കേള്‍ക്കുവാനായ്.....

(ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍)

Wednesday, November 27, 2013

ചില ഫോട്ടോഗ്രഫി പരീക്ഷണങ്ങള്‍....




ഞങ്ങളുടെ വീട്ടു മുറ്റത്തെ പപ്പായ മരത്തില്‍ ഉറങ്ങുന്ന അതിഥി.... അവന്റെ വിത്യസ്തമായ ഭാവങ്ങള്‍ എന്‍റെ അനിയന്‍ പകര്‍ത്തിയത്.....










Saturday, September 28, 2013

കത്ത്



കത്തെന്നാദ്യം കേട്ടതു പ്രിയമാം ഗുരുവിന്‍ മുഖത്തു നിന്നു
കത്തുകള്‍ പലവിധമെന്നറിഞ്ഞതും അന്നു തന്നെ
പ്രണയം കത്തിലോളിപ്പിക്കുന്നതെങ്ങനെയെന്നു
ചിന്തിച്ചതു നിന്‍ പുഞ്ചിരി കണ്ട നാളിലായിരുന്നു

ജീവിതഭാരത്തിന്‍ മരുഭൂമിയില്‍ ഉഴലുമ്പോള്‍
പ്രിയതമയുടെ കത്തുകളായിരുനെന്‍റെ ജീവവായു
മരണമാം ക്രൂരവിധിയെന്‍റെ കുടുംബത്തെ തട്ടിയെടുക്കുമ്പോഴും
ഞാന്‍ അവര്‍ക്കായ് സ്നേഹം നിറക്കുകയായിരുന്നെന്‍റെ കത്തില്‍

പ്രിയമുള്ളോരാരും വായിക്കുവാനില്ലെന്നറിയുകിലും
വീണ്ടും ഞാന്‍ കത്തുകളെഴുതികൊണ്ടേയിരുന്നു
കൂട്ടുകാര്‍ ഭ്രാന്തനെന്നല്ലറി ചിരിച്ചീടുബോഴും
പ്രിയമാം കത്തുകളെഴുതീടുകയായിരുന്നു ഞാന്‍

ഞാനിന്നു പോകുന്നെന്‍ അവസാന കത്തുമായ്
എന്‍ പ്രിയ കുടുംബത്തിന്‍ ചാരെയണഞ്ഞിടാനായ്
കത്തില്ലാത്തോരെന്‍ സ്വര്‍ഗ്ഗനാട്ടിലേക്ക്

എന്‍ പ്രിയ കുടുംബത്തിനടുക്കലേക്ക്...



note:
എന്‍ പ്രവാസി സുഹൃത്തുക്കള്‍ക്ക് വേണ്ടി.....സ്നേഹപൂര്‍വ്വം

ജനിക്കും മുന്പേം മരിച്ച ഒരു ബ്ലോഗ്‌..

“നിങ്ങള്‍ക്കുള്ള ഉപദേശം” അതാണു ബ്ലോഗിന്‍റെ പേര്. ആദ്യത്തെ പോസ്റ്റ്‌ വായനക്കാരോടുള്ള ഉപദേശം ചോദിച്ചുകൊണ്ടും; ചോദിച്ചതോ ബ്ലോഗിലെന്തഴുതണം എന്നും.... ഇറങ്ങിപോയ ബ്ലോഗ൪ പോലും വന്നതു ഏഴ് വ൪ഷം കഴിഞ്ഞാ... അപ്പോള്‍ ബ്ലോഗ്‌ എത്രപേര്‍ കണ്ടു എന്നു പറയണ്ടല്ലോ..... 

“പ്രാക്ടിക്കല്‍ പ്രണയം”


           എട്ടു വര്‍ഷത്തെ പ്രണയ ജീവിതത്തിനു ശേഷം അവളോടു പിരിഞ്ഞതിന്‍റെ കാരണം ആ പ്രണയം “പ്രാക്ടിക്കല്‍” അല്ല എന്നതായിരിന്നു. പിന്നീടവന്‍റെ ഭാര്യയായവള്‍ അവനോടു പറഞ്ഞു അവളുടെയും ആദ്യ കോളേജ് പ്രണയം “പ്രക്ടിക്കല്ലല്ലായിരുന്നു” എന്നു... മനസാക്ഷി കുത്തിക്കീറുന്ന “പ്രാക്ടിക്കല്‍” ചിന്തകള്‍ അവനെ അലട്ടിക്കൊണ്ടിരിക്കുപ്പോഴും അവന്‍ പറഞ്ഞു ആല്‍മഹത്യ “പ്രാക്ടിക്കല്‍” അല്ലാന്നു. അപ്പോള്‍ എന്താണ് “പ്രാക്ടിക്കല്‍” മരിച്ച മരവിച്ച മനസ്സുമായി ജീവിക്കുക തന്നെ......


ചില പ്രാക്ടിക്കല്‍-ജീവികള്‍ക്കു വേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു.....