Tuesday, January 21, 2014

പപ്പയുടെ ജ്യൂസ്‌



ഞാന്‍ ഉറങ്ങി പോയോ???
ചേട്ടനും മമ്മിയും എവിടെ പോയ്‌...? ഒരു അനക്കവുമില്ലല്ലോ....
അല്ലേല്ലും അവരിങ്ങനെയാ എന്നോടു പറയാതെ എങ്ങോട്ടെങ്കിലും പോയികളയും. എന്നിട്ട് വരുമ്പോള്‍ പറയും “ പുന്നാരക്കുട്ടന്‍ ഉറങ്ങിയോണ്ടല്ലേ മമ്മി വിളിക്കാഞ്ഞതു” എന്നു. ഇന്നു വരുമ്പോള്‍ ലിജു കുട്ടന്‍ മിണ്ടില്ല. അവന്‍ മനസ്സില്‍ ഉറപ്പിച്ചു. വാതില്‍ പൂട്ടിയാ പോയിരിക്കുന്നത്. ഞാന്‍ ഇവിടെയുണ്ട് എന്നു വല്ല ചിന്തയുമുണ്ടോ...പിന്നെ ടി.വി ഉള്ളതാ ഒരു നേരം പോക്ക്. അവന്‍ ചെന്ന് ടി.വി. ഓണ്‍ ആക്കി.


ടോം ആന്‍ഡ്‌ ജെറി ചാനല്‍ വരുന്നില്ലല്ലോ... അവന്‍ റിമോട്ടില്‍ അമര്‍ത്തിക്കൊണ്ടിരിന്നു....
പെട്ടെന്നാണവന്‍ ആ കാര്യം ശ്രദ്ധിച്ചത്.... ടി.വി. യിലെ അങ്കിള്‍ കുടിക്കുന്ന അതേ ജ്യൂസ്‌ തന്നെയാ ഇന്നലെ പപ്പയും അങ്കിള്‍മാരും കൂടി കഴിച്ചത്. ഇതേ ഹാളില്‍ ഇരുന്നു ഈ ടേബിളില്‍ വച്ചു.... അതെ ചുവന്ന നല്ല ഭംഗിയുള്ള ജ്യൂസ്‌....


പപ്പാ ഇന്നലെ മാര്‍ക്കറ്റില്‍ പോയി വന്നപ്പോഴെ ഞാന്‍ കണ്ടതാ....എന്തു ഭംഗിയുള്ള കുപ്പിയാണു അതു.... തീര്‍ച്ചയായും നല്ല വിലയുള്ളതായിരിക്കും...അല്ലേല്‍ പിന്നെ എന്താ ഞാന്‍ ഇന്നലെ പപ്പയോടു ചോദിച്ചപ്പോള്‍ തരാതിരുന്നത്....! ഇതു കുട്ടികള്‍ക്ക്‌ കളിക്കാനുള്ളതല്ല എന്നാ മമ്മിയും പറഞ്ഞതു.

[ പരസ്യത്തിനു ശേഷം വീണ്ടും ടി.വി സിനിമ തുടര്‍ന്നു...]

“എടാ നീ ഇതൊരെണ്ണം അങ്ങോട്ട്‌ കഴിക്ക്... നിന്‍റെ എല്ലാ പ്രശ്നവും മാറും. നീ സന്തോഷം കൊണ്ട് ഒരു മാലാഖയെ പോലെ ഇങ്ങനെ പറക്കും......”
[ടി.വി.യിലെ നായകന്‍ പുഞ്ചിരിച്ചുകൊണ്ട് അലസമായി ചുവടു വക്കുന്നു.]

ശരിയാ ഇന്നലെ പപ്പയും അങ്കിള്‍മാരും കൂടി എന്തു ഹാപ്പിയാര്‍ന്നു....അല്ലെങ്കില്‍ എപ്പോളും വലിയ ഗൌരവത്തിലിരിക്കുന്ന കൊമ്പന്‍ മീശ വച്ച സോമനങ്കിള്‍ വരെ പൊട്ടി ചിരിക്കുന്നത് ഞാന്‍ കണ്ടതാ...
അവന്‍ പതിയെ ഫ്രിഡ്ജിനടുത്തേക്ക് പോയി....ഇനി ഇന്നിത് കഴിച്ചിട്ട് തന്നെ കാര്യം. അവന്‍  മനസിലുറപ്പിച്ചു....
മനോഹരമായ ജ്യൂസ്‌ ബോട്ടില്‍ അവന്‍ എടുത്തു നോക്കി.... നല്ല തണുപ്പ്...കുപ്പി കാണുമ്പോള്‍ തന്നെ കൊതിയാകുന്നു.... അവന്‍ പതിയ ഒരല്പം നുണഞ്ഞു... അയ്യേ ഇതെന്താ കയ്ക്കുന്നത്...



[ടിവി യില്‍ നായകന്‍ വീണ്ടും ഉറക്കെ ഉറക്കെ ചിരിക്കുന്നു...] “എടാ... ഒരു ചെറിയ കയ്പോക്കെ ഉണ്ടാകും... നീ അതു കാര്യമാക്കണ്ട ആണുങ്ങളായാല്‍ രണ്ടെണ്ണം കഴിച്ചില്ലേല്‍ പിന്നെ എന്താ കാര്യം? നീ കണ്ണടച്ചോണ്ട് അങ്ങോട്ട്‌ ആഞ്ഞു വലിക്ക്...”


ലിജു മോന്‍ ഓര്‍ത്തു ഇതു തന്നെയാണല്ലോ പപ്പാ ഇന്നലെ മമ്മിയോടു പറഞ്ഞതു... “ഞങ്ങള്‍ ആണുങ്ങളായാല്‍ രണ്ടെണ്ണം കഴിക്കും എന്നു” അവന്‍ ഒരു ഗ്ലാസ് എടുത്തു അതില്‍ നിറയെ ഒഴിച്ചു. ടി.വി.യിലേക്ക് നോക്കി ഒരു ചിയേര്‍സ് പറഞ്ഞു... ഒറ്റ വലി...
അയ്യോ കയ്ച്ചിട്ടു വയ്യ. അവന്‍ ഓടി അടുക്കളെ പോയി ഒരു സ്പൂണ്‍ പഞ്ചസാര വായിലിട്ടു... കയ്പ്പ് പോയി പക്ഷെ നെഞ്ച് എരിയുന്ന പോലെ... അയ്യോ....
മമ്മി വീട്ടില്‍ ഇല്ലാത്തത് നന്നായി... അല്ലേല്‍ തല്ലു കിട്ടിയേനെ... അവന്‍ വേഗം പോയി അടുക്കളയില്‍ നിന്നു വെള്ളം എടുത്തു കുടിച്ചു... ഇപ്പോള്‍ ഒരു സുഖമുണ്ട്..... അവന്‍ ഒരു ഗ്ലാസ് കൂടി ഒഴിച്ചു...വേഗം കുടിച്ചു.... മമ്മിയും പപ്പയും വരുന്നതിനു മുന്‍പ് ഇതു തിരികെ ഫ്രിഡ്ജില്‍ വക്കണം... വീണ്ടും പഞ്ചസാര തിന്നു...വെള്ളം കുടിച്ചു... നെഞ്ച് എരിയുന്ന പോലെ... അയ്യോ തല കറങ്ങുന്നു.... അവന്‍ ഉറക്കെ കരയാന്‍ തുടങ്ങി.... പക്ഷെ ആകെ ക്ഷീണം... ഉറക്കെ കരയാന്‍ പോലും പറ്റുന്നില്ല. മമ്മി വരുമ്പോള്‍ എന്തു പറയും....? പപ്പയുടെ തല്ലു ഓര്‍ത്തപ്പോള്‍ ഞാന്‍ പ്രയാസപ്പെട്ടു എണീറ്റ് നിന്നു. പക്ഷെ മറിഞ്ഞു വീണതും ചര്ദിച്ചതും ഒന്നിച്ചായിരിന്നു....
[ടി.വി.യില്‍ അപ്പോള്‍ ഒരു മദ്യപാന ഗാനം ഉറക്കെപ്പാടി തിമിര്‍ക്കുകയാണ് നായകന്‍.]

പിന്നെയും പിന്നെയും ഞാന്‍ ഒരുപാടു ചര്ദിച്ചു....തല വേദനയില്‍ പൊളിയുന്ന പോലെ തോന്നി...എന്‍റെ കയ്യും കാലും തളര്‍ന്നു. എത്ര നേരം ഉറങ്ങി എന്നറിയില്ല....ഉണര്‍ന്നു നോക്കുമ്പോള്‍ ഞാന്‍ ചര്‍ദിലില്‍ കമിഴ്ന്നു കിടക്കുന്നു....

മമ്മിയും പപ്പയും വരുന്നത് കണ്ടതും ഞാന്‍ ഓളിയിട്ടു കരഞ്ഞു. പക്ഷെ പപ്പയും മമ്മിയും എന്നെ കാണാത്തപ്പോലെ കടന്നു പോയി. തളര്‍ന്നു കിടന്ന എന്‍റെ ശരീരം എടുത്തു കാറില്‍ അവര്‍ കരഞ്ഞുകൊണ്ട്‌ പോകുമ്പോള്‍ ഞാന്‍ വീടിന്റെ വരാന്തയില്‍ ഒറ്റയ്ക്കു നിന്നു കരയുകയായിരുന്നു......!!!

പപ്പേ ഇതൊരു വിഷമാണങ്കില്‍ എന്തിനാ പപ്പാ വാങ്ങി കുടിക്കുന്നത്...? എന്താ അതു വിഷമാണ് എന്നു  എന്നോടു പറയാതിരുന്നത്....? എന്തിനാ അതു ഫ്രിഡ്ജില്‍ വച്ചത്? എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ആരും മറുപടി പറഞ്ഞില്ല...... അല്ല ആരും എന്‍റെ ചോദ്യങ്ങള്‍ കേട്ടു പോലും ഇല്ല..!!!


(ഇന്നലെ പത്രത്തില്‍ വായിച്ച ഒരു വാര്‍ത്തയാണ് ഈ കഥ എഴുതുന്നതിനു പ്രചോദനമായത്‌ ഒരു ഏഴു വയസ്സുകാരന്‍ മദ്യം അറിയാതെ കഴിച്ചു മരിച്ചു.)

(ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍)



No comments:

Post a Comment