Wednesday, December 11, 2013

ദൈവങ്ങളെ നിങ്ങള്‍ കാണുവാനായ് കേള്‍ക്കുവാനായ്....


നീണ്ട യാത്രകളിലെ വിരസതയേറുന്ന സമയങ്ങളില്‍ കണ്പോളകള്‍ കനം വക്കുകയും ചിന്തകളില്‍ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുകയും ചെയ്തുകൊണ്ടിരുന്ന എന്നെ ബാഹ്യലോകത്തിന്‍റെ ബഹളങ്ങളിലേക്ക് തിരികെ കൊണ്ടു വന്നതു ഒരു ഹിന്ദി പാട്ടായിരിന്നു.... ഞാന്‍ കേട്ടിട്ടില്ലാത്ത ഏതോ വരികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ക്ഷീണിച്ചതെങ്കിലും മനോഹരമായ ശബ്ദത്തിന്റെ ഉടമയെ തേടി ഞാന്‍ ദൃഷ്ടിപരതി. മുഷിഞ്ഞു നാറിയ വസ്ത്രങ്ങളും മെലിഞ്ഞുണങ്ങിയ ശരീരവുമുള്ള ഒരു പത്തു വയസ്സ് തോന്നിക്കുന്ന ഒരു നാടോടി പെണ്‍കുട്ടി കരഞ്ഞു തളര്‍ന്ന ഒരു നാല് വയസ്സുള്ള ആണ്‍കുട്ടിയെ കൈപിടിച്ച്‌ ഇങ്ങനെ പാടിക്കൊണ്ടിരിക്കുന്നു....

“ദൈവത്തിന്‍ മനോഹരനയനങ്ങളെന്തേ എന്നെ നോക്കിയില്ല....”



ഞാന്‍ എന്‍റെ സഹായത്രികരിലേക്കൊന്നു കണ്ണോടിച്ചു. അവരെല്ലാം ആ പാട്ടിലെ ദൈവങ്ങളെ പോലെയാണു എനിക്ക് തോന്നിയത്. ഉറക്കം നടിച്ചു കണ്ണ് തുറക്കാത്ത ദൈവങ്ങളും, ചെവി കേള്‍ക്കാത്ത ദൈവങ്ങളും... ഇതിനിടയിലൊരു വൃദ്ധന്‍ തന്‍റെ കയ്യിലെ ചില്ലറ തുട്ടുകള്‍ അവളുടെ പിച്ചപാത്രത്തിലേക്കു ഇട്ട് കൊടുത്തു. ഞാനും എന്‍റെ പോക്കറ്റില്‍ ഉണ്ടായിരുന്ന അഞ്ചു രൂപ നാണയം കൊടുത്തു.



കമ്പാര്‍ട്ട്മെന്റിന്റെ ഇടന്നാഴിയിലേക്ക് കടന്നു നിന്നുകൊണ്ട് അവള്‍ ആ പത്രത്തിലെ ചില്ലറ തുട്ടുകളില്‍ നിന്നു എടുത്തു മാറ്റി എന്തോ ഒളിപ്പിച്ചു വയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അപ്പോഴേക്കും ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയിരിന്നു....

ട്രെയിനില്‍ നിന്നിറങ്ങിയ അവള്‍ ആരെയോ ഭയപ്പെടുന്നപ്പോല്‍ നോക്കുന്നുണ്ടാര്‍ന്നു. അപ്പോളേക്കും ഒരു തടിമാടന്‍ വന്നു അവളുടെ പാത്രം മേടിച്ചു ചില്ലറ പെറുക്കിയെടുത്തു. കുഞ്ഞിനെ ചൂണ്ടിക്കാണിച്ചു എന്തോ പറഞ്ഞ അവള്‍ക്കുനേരെ അയാള്‍ കൈയോങ്ങി... ആളുകള്‍ കണ്ടു എന്നു തോന്നിയതുകൊണ്ടാണോ എന്തോ അയാള്‍ പിറുപിറുത്തു അവിടെ നിന്നു പോയി.

നേരെത്തെ ഉറങ്ങിക്കൊണ്ടിരിന്ന എന്‍റെ മുന്നിലെ ഒരു മാന്യനായ “ദൈവം” ഇതു നോക്കി പറഞ്ഞതിങ്ങനയാണ്;
“ഇവറ്റകള്‍ക്കൊന്നും അഞ്ചു പൈസ കൊടുക്കരുത്. കൂലിക്ക് പിച്ചയെടുക്കുന്നവരാ ഇവറ്റകള്‍. നമ്മളൊക്കെ പൈസ കൊടുത്താല്‍ ഇതു കൂടത്തെയുള്ളൂ....”
വീണ്ടും ആ ട്രെയിന്‍ ജനലിലൂടെ നാടോടി കുട്ടികളെ തിരയുകയായിരുന്നു എന്‍റെ കണ്ണുകള്‍. “അയാള്‍” പോയി എന്നുറപ്പുവരുത്താനെന്നവണ്ണം അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവള്‍ വീണ്ടും ട്രെയിനിന്‍ അടുത്തേക്ക് വന്നു. പ്ലാറ്റ്ഫോം കച്ചവടക്കാരനില്‍ നിന്നു ഒരു ചായ മേടിച്ചു കരയുന്ന തന്‍റെ അനിയനു ഊതി ഊതി കൊടുക്കുമ്പോള്‍ അവളുടെ മുഖം പതിയെ ചിരിക്കുന്നത് ഞാന്‍ കണ്ടു.... തന്‍റെ പാവാടതുമ്പില്‍ ഒളിപ്പിച്ച അഞ്ചു രൂപ തുട്ടു അയാള്‍ക്ക് കൊടുത്തുകൊണ്ട് അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് നടക്കുമ്പോള്‍, അവള്‍ കൊടുത്തത് ഞാന്‍ നല്‍കിയ അഞ്ചു രൂപ ആകണേ എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌... അവള്‍ക്കുണ്ടായിരുന്നതിന്റെ ഒരംശം സഹജീവി സ്നേഹവും പങ്കു വയ്ക്കുന്ന മനസ്സും നമ്മള്‍ മാന്യന്മാര്‍ക്കു ഉണ്ടായിരുന്നെങ്കില്‍ എന്നാണു ഞാന്‍ ആശിച്ചതു.....


ദൈവങ്ങളെ നിങ്ങള്‍ കാണുവാനായ് കേള്‍ക്കുവാനായ്.....

(ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍)